ബീഫിന്റെ പേരിൽ കാഡ്ബറിക്കെതിരെ പ്രതിഷേധം

ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന നിലയിലാണ് കാഡ്ബറി പ്രവർത്തിക്കുന്നതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രതിഷേധം ഉയരുന്നു. കാഡ്ബറി തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ഉല്പാദിപ്പിക്കുന്നത് ബീഫിൽ നിന്നാണെന്ന് ആരോപണമുയർത്തിയാണ് പ്രതിഷേധം. ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണ് കാഡ്ബറിയുടെ രീതി എന്നാണ് ആരോപണം.

കാഡ്ബറിയുടേത് എന്ന പേരിൽ ഒരു വെബ് പേജ് പ്രതിഷേധക്കാർ വലിയതോതിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കും ആരോപണങ്ങൾക്കും കാരണമായ സംഭവം. എന്നാൽ വെബ് പേജിന്റെ ഈ സ്ക്രീൻഷോട്ട്, കാഡ്ബറിയുടെ ഓസ്ട്രേലിയയിലെ ഒരു പഴയ വെബ് പേജിന്റേതാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ ഉല്പന്നങ്ങളും 100% വെജിറ്റേറിയൻ ആണെന്ന് ഇവയുടെ കവറിന് പുറത്തെ പച്ച മുദ്ര അടിസ്ഥാനമാക്കി കമ്പനി നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ വിവാദത്തിൽ കാഡ്ബറി കമ്പനി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിൽ അടക്കം പ്രമുഖർ പോലും കമ്പനിക്കെതിരെ നിലപാടെടുത്തത്, കാഡ്ബറിക്ക് തിരിച്ചടിയാണ്.

നേരത്തെ, ഗുജറാത്തില്‍ പശുവിറച്ചിയാണെന്ന് സംശയിച്ച് പിടികൂടുന്ന മാംസം ഒരു മണിക്കൂറിനുള്ളിൽ സ്ഥിരീകരിക്കാവുന്ന റാപ്പിഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ചിരുന്നു. അഹമ്മദാബാദിലും ഗാന്ധിനഗറിലും പരീക്ഷണാടിസ്ഥാനത്തില്‍ ലാബ് പ്രവര്‍ത്തിച്ചു തുടങ്ങി.

ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ രീതിയില്‍ മാംസം പശുവിന്‍റേതാണോ അല്ലയോ എന്നു സ്ഥിരീകരിക്കുന്ന സീറോളജിക്കൽ അനാലിസിസ്, ഡിഎൻഎ വിശകലനം തുടങ്ങിയ പരമ്പരാഗത രീതികളേക്കാള്‍ കൃത്യവും വേഗവും പുതിയ സംവിധാനത്തിന് ഉണ്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം.

ഇപ്പോൾ, നിലവില്‍ മറ്റൊരു സംസ്ഥാനവും ഈ രീതി ഉപയോഗിക്കുന്നില്ലെന്ന് നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയിലെ (എൻഎഫ്‌എസ്‌യു) സീനിയർ ഫാക്കൽറ്റിയായ നികുഞ്ജ് ബ്രഹ്മഭട്ട് പറഞ്ഞു. പരമ്പരാഗത പരിശോധനയിൽ, സാമ്പിൾ വളരെ നേരം സാധാരണ താപനിലയില്‍ നില്‍ക്കുകയോ തുറന്നുവെക്കുകയോ ചെയ്താല്‍ പരിശോധനാ ഫലത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box
error: Content is protected !!