ശബ്ദാധിഷ്ഠിത സോഷ്യല്‍മീഡിയ ആപ്പായ സ്പീക്ക് ആപ്പിന്റെ സേവനം മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കുന്നു  

കൊച്ചി: ശബ്ദാധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ സ്പീക്ക്ആപ്പ് മലയാളികള്‍ക്കിടയില്‍ വന്‍ വിജയമായതിന് പിന്നാലെ ആപ്പിന്റെ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതോടെ ആപ്പിന്റെ സേവനം മറ്റ് ഭാഷകളിലും ലഭ്യമാകും. കോട്ടയം സ്വദേശികളായ അലന്‍ എബ്രഹാം, അരുണ്‍ ജോണ്‍, മാവേലിക്കര സ്വദേശി ആര്‍. വരുണ്‍, ഗുജറാത്ത് സ്വദേശി ജന്‍കാര്‍ രാജ്പരാ എന്നിവര്‍ ചേര്‍ന്നാണ് വോയിസ് അധിഷ്ടിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സ്പീക്ക്ആപ്പിന് രൂപം നല്‍കിയത്.

പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം വളരെ ലളിതമായി നമ്മുടെ ഭാഷയില്‍ തന്നെ വോയിസ് നോട്ടായി പോസ്റ്റ് ചെയ്യാമെന്നതാണ് സ്പീക്ക് ആപ്പിന്റെ പ്രത്യേകത. കൂടാതെ, മറ്റു സമൂഹമാധ്യമങ്ങളിലേത് പോലെ ഫോട്ടോ, വിഡിയോ എന്നിവയും ഇവിടെ പങ്കുവെക്കാം. ഗുജറാത്തിലെ അഹമ്മദാബാദില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പിന് 1.5 കോടിയുടെ സീഡ് ഫണ്ടിങ്ങും ലഭിച്ചിരുന്നു. ഇപ്പോള്‍ കമ്പനിക്ക് 25 കോടി രൂപയുടെ മൂല്യമുണ്ട്. അലന്‍ സ്ഥാപക സിഇഒയും വരുണ്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും (സിഎംഒ), അരുണ്‍ ജോണ്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും (സിഒഒ), ജന്‍കാര്‍ ചീഫ് ടെക്‌നോളജി ഓഫീസറുമാണ് (സി.ടി.ഒ). ലോഞ്ച് ചെയ്ത് കുറഞ്ഞ കാലയളവിനുള്ളില്‍ 50,000 ത്തോളം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് സിഇഒ അലന്‍ എബ്രഹാം പറഞ്ഞു. വീട്ടമ്മമാര്‍ മുതല്‍ ഫുഡ് ബ്ളോഗര്‍മാര്‍വരെ ഇപ്പോള്‍ സ്പീക്ക്ആപ്പിന്റെ ഉപയോക്താക്കളാണെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷം ഡൗണ്‍ലോഡുകളാണ് പ്രതീക്ഷിക്കുന്നതെന്നും അതിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ച്, കൂടുതല്‍ ഫീച്ചറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുകയുമാണ് ലക്ഷ്യമെന്നും സി.എം.ഒ ആര്‍. വരുണ്‍ പറഞ്ഞു. ആഗോളതലത്തില്‍ ശ്രദ്ധനേടുന്ന ഇന്ത്യന്‍ ആപ്പെന്ന പെരുമ സ്വന്തമാക്കുക എന്നതും ഒരു ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ളേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 

വെബ്സൈറ്റ്-www.speakapp.app.

Facebook Comments Box
error: Content is protected !!