കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍; നാലു സ്ത്രീകളും കുട്ടിയും അടക്കം 11 പേര്‍ കസ്റ്റഡിയില്‍


കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായി. ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു.

വാടി കടപ്പുറം ഭാഗത്തുനിന്നാണ് അവര്‍ പിടിയിലായത്. ബീച്ചും ലൈറ്റ് ഹൗസും കാണാന്‍ എത്തിയവരാണെന്നാണ് ഇവര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ വിദേശത്തേക്ക് കടക്കാനെത്തിയവരാണെന്ന് സമ്മതിച്ചത്.

കൂടുതല്‍ പേര്‍ തങ്ങള്‍ താമസിച്ചിടത്ത് ഉണ്ടായിരുന്നതായി പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെത്തിക്കാമെന്ന് ഉറപ്പു നല്‍കിയാണ് ശ്രീലങ്കന്‍ സ്വദേശികളെ കേരളത്തിലെത്തിച്ചത്.

കൊല്ലം ബീച്ചു വഴി ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്തിനായി എത്തിച്ച 11 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കടല്‍ കടത്തുന്നതിന് മനുഷ്യക്കടത്തുസംഘം രണ്ടരലക്ഷം രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത്. കൊളംബോ സ്വദേശിയായ ലക്ഷ്മണ എന്നയാളാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 16 ന് കാരക്കല്‍ വഴി കാനഡയിലേക്ക് കടക്കാന്‍ ആദ്യ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതു പരാജയപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് കൊല്ലം ബീച്ചു വഴി ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കൊല്ലത്ത് ഇന്ന് വൈകീട്ട് കൊല്ലം ബീച്ചില്‍ ബോട്ടു വരുമെന്നാണ് അഭയാര്‍ത്ഥികളോട് പറഞ്ഞിരുന്നത്. മനുഷ്യക്കടത്തിന് കേരളത്തില്‍ സഹായം നല്‍കിയവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Facebook Comments Box
error: Content is protected !!