‘ഞാൻ താമസിച്ചത് ചെറിയ ലോഡ്ജിൽ, മമ്മൂക്ക വലിയ ഹോട്ടലിൽ’; ധ്രുവം ഓർമ പങ്കുവച്ച് വിക്രം

തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളുടെ കൂട്ടത്തിലാണ് വിക്രമിന്റെ സ്ഥാനം. ചെറിയ വേഷങ്ങളിലൂടെ എത്തിയാണ് താരം ആരാധകരുടെ മനം കവരുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം നിരവധി ചിത്രങ്ങളിലും വിക്രം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി- ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ ധ്രുവ‌ത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള വരവ്. ധ്രുവത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവന്റെ പ്രമോഷന്റെ ഭാ​ഗമായി കേരളത്തിലെത്തിപ്പോഴായിരുന്നു വിക്രം പഴയ ഓർമകൾ പങ്കുവച്ചത്.

ഞാന്‍ മീര എന്ന എന്റെ രണ്ടാമത്തെ സിനിമ ചെയ്തിരിക്കുന്ന സമയം. ഏതോ മാഗസിനില്‍ വന്ന ഫോട്ടോ കണ്ട് ജോഷി സര്‍ എന്നെ സിനിമയിലേക്ക് വിളിച്ചു. ധ്രുവത്തിലെ ഭദ്രന്‍ എന്ന ക്യാരക്ടറിന് വേണ്ടിയായിരുന്നു അത്. ഞാന്‍ വന്നു. ഇവിടെ ഒരു ചെറിയ ലോഡ്ജിലായിരുന്നു എന്റെ റൂം. ഇന്ന് ഞാന്‍ എന്റെ കുടുംബത്തിന് ആ ലോഡ്ജ് കാണിച്ചുകൊടുത്തിട്ട് ഞാന്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന് പറഞ്ഞു. വളരെ ചെറിയ ലോഡ്ജാണ് അത്. പങ്കജ് ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഞാന്‍ ചെറിയ ലോഡ്ജിലും മമ്മൂക്ക ആ വലിയ ഹോട്ടലിലുമായിരുന്നു താമസം. അപ്പോൾ ഞാന്‍ എന്നോട് തന്നെ ഒരു കാര്യം പറയാറുണ്ടായിരുന്നു, ഒരു ദിവസം ഞാന്‍ പങ്കജ് ഹോട്ടലിലില്‍ താമസിക്കും എന്നായിരുന്നു അത്. ആ പങ്കജ് ഹോട്ടലില്‍ എനിക്ക് താമസിക്കാനായില്ല. പക്ഷേ അതിലും നല്ല ഹോട്ടലില്‍ ഞാന്‍ പിന്നീട് താമസിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്.- വിക്രം പറഞ്ഞു.

ധ്രുവം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആര്‍ക്കും തന്നെ അറിയില്ലായിരുന്നെന്നും രാവിലെ നടക്കാന്‍ പോകാറുണ്ടായിരുന്നുവെന്നും വിക്രം കൂട്ടിച്ചേർത്തു. എംജി റോഡിലൂടെയാണ് നടക്കാൻ പോകുക. ഒരു ദിവസം ഒരാള്‍ എന്നെ കണ്ട് വിളിച്ചു. ഞാന്‍ സന്തോഷത്തില്‍ നോക്കി, അയാള്‍ എന്നോട് വന്ന് സംസാരിക്കുമെന്നൊക്കെ കരുതി. പക്ഷേ അറിയാം എന്ന് പറഞ്ഞ് അയാള്‍ പോയി. പക്ഷേ ഇന്ന് നിങ്ങള്‍ എല്ലാവരും ‘വിക്രം വിക്രം’ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ഇതിനേക്കാള്‍ വലിയ സന്തോഷം നല്‍കുന്നതൊന്നും എനിക്കില്ല.- താരം കൂട്ടിച്ചേർത്തു. വർഷങ്ങളായി മലയാളത്തിൽ സിനിമ ചെയ്തിട്ടില്ലെങ്കിലും തന്റെ ഓരോ സിനിമയ്ക്കും ഇവിടെ നിന്നും വലിയ പിന്തുണയും സ്‌നേഹവും ലഭിക്കാറുണ്ടെന്നും വിക്രം പറഞ്ഞു.

Facebook Comments Box
error: Content is protected !!