കോൺവെന്റിൽ അതിക്രമിച്ച് കയറി, സിസ്റ്റർ ലൂസിയെ ഭീഷണിപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

കാരക്കാമല കോൺവെന്റിൽ അതിക്രമിച്ച് കയറി സിസ്റ്റർ ലൂസിയെ ഭീഷണിപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ. കാരക്കാമല സ്വദേശികളായ ഷിജിൻ, മനോജ് എന്നിവരാണ് അറസ്റ്റിലായത്. സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ വെള്ളമുണ്ട പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ സത്യാഗ്രഹ സമരം തുടങ്ങാനിരിക്കെ സിസ്റ്റർ ലൂസിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. സിസ്റ്ററുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാനും ശ്രമം നടന്നു. കാരക്കാമല കോൺവന്‍റിൽ വെള്ളമുണ്ട പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

അതിനിടെ, അധികൃതരുടെ മാനസിക പീഡനങ്ങളിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര കാരക്കാമല കോൺവെന്‍റിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. കോൺവെന്‍റിലെ അധികൃതരുടെ പീഡനങ്ങളിൽ പ്രതിഷേധിച്ച് ഇത് രണ്ടാം തവണയാണ് സിസ്റ്റർ ലൂസി കളപ്പുര മഠത്തിന് മുന്നിൽ സത്യാഗ്രഹമിരിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് അടുക്കള അധികൃതർ തുറന്നു നൽകുന്നില്ലെന്നാണ് പ്രധാന പരാതി. റൂമിലെ വാതിൽ തകർക്കാനും വൈദ്യുതി വിച്ഛേദിക്കാനും ശ്രമിച്ചു. കോൺവന്‍റിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പൊതു പ്രാർത്ഥന മുറിയിലേക്ക് കടത്തിവിടുന്നില്ല. തന്നെ നിരീക്ഷിക്കാൻ വേണ്ടി മാത്രം മഠത്തിലെ വിവിധയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങിയ കാര്യങ്ങളാണ് സിസ്റ്റർ ലൂസി കളപ്പുര ഉന്നയിക്കുന്നത്.

സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മ‌‌ഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി ഉത്തരവുണ്ട്.

Facebook Comments Box
error: Content is protected !!