സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; മൂന്നാഴ്ചയ്ക്കിടെ കൂടിയത് 10 മുതൽ 25 രൂപ വരെ

സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു. മൂന്നാഴ്ച കൊണ്ട് ഒട്ടുമിക്ക ഇനങ്ങള്‍ക്കും പത്തു രൂപ മുതല്‍ ഇരുപത്തിയഞ്ചു രൂപ വരെയാണ് കൂടിയത്. കഴിഞ്ഞയാഴ്ച വരെ കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ കിലോക്ക് 77 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ നൂറിനടുത്താണ് വില.

ചില്ലറ വിപണിയിലെത്തുമ്പോഴേക്കും 115ന് മുകളിലെത്തും വില. തക്കാളിയുടെ വില മൊത്ത വിപണിയില്‍ 20 രൂപയില്‍ നിന്നും മുപ്പത്തിയഞ്ചിലേക്ക് ഉയര്‍ന്നു. ബീന്‍സിന്‍റെ വില 70ലേക്കെത്തി. പാവയ്ക്കക്കും പയറിനുമെല്ലാം വിലയുയര്‍ന്നു.

നവരാത്രി വ്രതം തുടങ്ങിയതും അയല്‍ സംസ്ഥാനങ്ങളിലെ വിളനാശവുമാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്നാണ് കച്ചവടക്കാർ പറയുന്നത്. വിളനാശം മൂലം പല പച്ചക്കറികള്‍ക്കും കര്‍ണാടകത്തിലും തമിഴ്നാട്ടിലും കടുത്ത ക്ഷാമം നേരിടുന്നുമുണ്ട്. രണ്ടാഴ്ചയെങ്കിലും വിലക്കയറ്റം തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Facebook Comments Box
error: Content is protected !!