ലാഭം വേണം; സിമന്റ് വില കൂട്ടാന്‍ ഒരുങ്ങി കമ്പനികള്‍

ഏറെക്കാലമായി നേരിടുന്ന പ്രവര്‍ത്തനനഷ്ടം നികത്തി ലാഭട്രാക്കിലേക്ക് തിരിച്ചുകയറാനായി സിമന്റ് വില വര്‍ദ്ധിപ്പിക്കാന്‍ സിമന്റ് നിര്‍മ്മാണക്കമ്പനികള്‍ ഒരുങ്ങുന്നു. വിപണിയിലെ വിലത്തകര്‍ച്ച, അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ദ്ധനമൂലമുള്ള ഉയര്‍ന്ന ഉത്പാദനച്ചെലവ്, നാണയപ്പെരുപ്പം എന്നിവയാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.

ലാഭത്തിലേക്ക് തിരിച്ചുവരാനായി നടപ്പുവര്‍ഷം തന്നെ കമ്പനികള്‍ 3.5 മുതല്‍ 4 ശതമാനം വരെ വിലവര്‍ദ്ധിപ്പിച്ചേക്കുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ടണ്ണിന് 300-330 രൂപയുടെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷം സിമന്റ് ഡിമാന്‍ഡില്‍ 8-9 ശതമാനം വര്‍ദ്ധനയും കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ബാഗിന് 25-30 രൂപവരെ വിലവര്‍ദ്ധന നടപ്പുവര്‍ഷമുണ്ടാകും. 2020-21വര്‍ഷത്തെ ലാഭത്തിലേക്ക് തിരിച്ചെത്താനായി ബാഗിന് 45-50 രൂപയുടെ അധിക വിലവര്‍ദ്ധനകൂടി നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞപാദത്തില്‍ അംബുജ സിമന്റ്സിന്റെ ലാഭമാര്‍ജിന്‍ 8.3 ശതമാനത്തിലേക്കും എ.സി.സിയുടേത് 0.4 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. അള്‍ട്രാടെക്കിന്റേത് 13.4 ശതമാനത്തില്‍ നിന്ന് 9.2 ശതമാനത്തിലേക്കും ശ്രീസിമെന്റ്സിന്റേത് 15.1 ശതമാനത്തില്‍ നിന്ന് 13.8 ശതമാനത്തിലേക്കും താഴ്ന്നിരുന്നു.

Facebook Comments Box
error: Content is protected !!