കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും; നിലപാട് വ്യക്തമാക്കി ശശി തരൂർ

രാഹുൽ ​ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങൾ പുറത്ത് പറയാനാകില്ലെന്നും കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ശശി തരൂർ. 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റീവ് ആണ്.

തന്നോട് മത്സരിക്കരുതെന്ന് രാഹുൽ പറഞ്ഞിട്ടില്ല. ആർക്കും മത്സരിക്കാമെന്ന ഗാന്ധി കുടുംബത്തിന്റെ നിലപാട് സന്തോഷം പകരുന്നതാണ്. മുതിർന്ന നേതാക്കളുടെയടക്കം പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജസ്ഥാനിലെ പ്രശ്നം എ.ഐ.സി.സി ഇടപെട്ട് പരിഹരിക്കും. പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കമൽ നാഥ് സോണിയ ഗാന്ധി കൂടിക്കാഴ്ച പൂർത്തിയായി. കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. കോൺ​ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ താല്പര്യമില്ലെന്നാണ് കമൽ നാഥ് നേരത്തേ അറിയിച്ചിരുന്നത്. നവരാത്രി ആശംസകൾ അറിയിക്കാനാണ് ഡൽഹിയിൽ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഓരോ എംഎൽഎമാരോടും സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടതെന്ന് അജയ് മാക്കൻ പറഞ്ഞു. അശോക് ഗെഹ്‍ലോട്ടിനോട് ഒപ്പമുള്ളവർ രണ്ടുവർഷംമുമ്പ് തന്നെ അദ്ദേഹത്തിന് ഒപ്പം ഉള്ളവരാണ്. നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ലെന്നും ഇന്ന് രാത്രിയോ നാളെ രാവിലെയോ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെഹ്‌ലോട്ടിന്റെ നീക്കങ്ങളാണെന്നാണ് എഐസിസി നിരീക്ഷകര്‍ പറയുന്നത്. എംഎല്‍എമാരുടെ പ്രതിഷേധം ആസൂത്രണം ചെയ്തത് ഗെഹ്‌ലോട്ടാണ്. ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് ഉചിതമല്ലെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.പ്രതിസന്ധി നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാന്‍ അശോക് ഗെഹ്ലോട്ട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്ലോട്ട് നിലപാടറിയിക്കുകയായിരുന്നു.

Facebook Comments Box
error: Content is protected !!