ബ്രഹ്മപുരത്ത് മാലിന്യവുമായി എത്തിയ വാഹനങ്ങള്‍ തടഞ്ഞു; നാളെമുതല്‍ സമരം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നതിനിടെ, മാലിന്യവുമായി എത്തിയ വാഹനങ്ങള്‍ ജനപ്രതിനിധികള്‍ തടഞ്ഞു. പുത്തന്‍കുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്. നാളെ മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് ജനകീയ സമരസമിതി വ്യക്തമാക്കി.

തീ നിയന്ത്രണ വിധേയമാതായി മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. എല്ലാ സൗകര്യങ്ങളും ഫയര്‍ഫോഴ്സിന് ഒരുക്കിയതായും ആവശ്യമായ പമ്പുസെറ്റുകള്‍ ഉള്‍പ്പടെ എല്ലാം എത്തിച്ചതായും പി രാജീവ് പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടിത്തം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ പി രാജീവും വീണാം ജോര്‍ജും.

തീയണയ്ക്കാന്‍ വെള്ളത്തിന്റെ കുറവ് ഉണ്ടായാല്‍ എഫ്എസിടിയുടെ നദിയില്‍ നിന്ന് ഉപയോഗിക്കാനാവശ്യമായ തീരുമാനം എടുത്തിട്ടുണ്ട്. ബ്രഹ്മപുരത്തെ ഉള്‍പ്പടെ സാഹചര്യം നേരിടാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വരുമെന്നും രാജീവ് പറഞ്ഞു.മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരും. അവിടേക്കുളള റോഡ് പരിമിതി പഞ്ചായത്ത് ശ്രദ്ധയില്‍പ്പെട്ടു. റോഡ് സൗകര്യം ഉറപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ നീക്കം പുനരാരംഭിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തും. ഇന്ന് തീയണച്ചാലും മറ്റ് ക്രമീകരണങ്ങള്‍ക്കായി ഒരാഴ്ച വരും വേണ്ടിവരും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും, ഇപ്പോഴത്തെ സാഹചര്യം നേരിടാനുള്ള തീരുമാനങ്ങളുമാണ് ഇന്നത്തെ യോഗത്തിലുണ്ടായത്. ജനം ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പി രാജീവ് പറഞ്ഞു.

Facebook Comments Box
error: Content is protected !!