ശബരിമല തീർഥാടകർക്കായി ആപ്ലിക്കേഷൻ; ‘അയ്യൻ ആപ്പിൽ’- അഞ്ച് ഭാഷകളിൽ അറിയാം

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് വേണ്ടി അയ്യൻ മൊബൈൽ ആപ്പ്. ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ നടന്നു. വനം മന്ത്രി എകെ ശശീന്ദ്രൻ പ്രകാശനം നിർവഹിച്ചു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. അയ്യപ്പൻമാർ പാലിക്കേണ്ട ആചാര മര്യാദകളും പൊതു നിർദ്ദേശങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പമ്പ, സന്നിധാനം, സ്വാമി അയ്യപ്പൻ റോ‍ഡ്, എരുമേലി, അഴുതക്കടവ്, സത്യം, ഉപ്പുപാറ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയെന്നു ആപ്പിലൂടെ അറിയാം. പരമ്പരാ​ഗത കാനന പതയിലെ സേവന കേന്ദ്രങ്ങളുടെ വിവരങ്ങളും ഇതിലൂടെ അറിയാം.

മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസ സൗകര്യം, എലിഫന്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നു സന്നിധാനത്തേയ്ക്കുള്ള ദൂരം, പൊലീസ്, ഫയർ ഫോഴ്സ്, എയ്ജ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥാലത്തു നിന്നു അടുത്ത കേന്ദ്രത്തിലേക്കുള്ള ദൂരം എന്നിവയെല്ലാം ആപ്പിൽ ലഭ്യമാണ്.

പെരിയാർ വന്യജീവി സങ്കേതത്തിന്റെ സമ്പന്നത, ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിലുണ്ട്. ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഇൻസ്റ്റാൾ ചെയ്യാം. മലയാളം, തമിഴ്, കന്ന‍ഡ, തെലു​ഗു, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത്. കാനന പാതയുടെ കവാടങ്ങളിൽ ഉള്ള ക്യൂആർ കോഡ് സ്കാൻ ചെയ്തും ആപ് ഡൗൺലോഡ് ചെയ്യാം. ഓഫ് ലൈനിലും ഓൺ ലൈനിലും ആപ് പ്രവർത്തിക്കും. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെപ്പേർഡ് ടെക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സാഹ​യത്തിലാണ് ആപ് വികസിപ്പിച്ചത്.

Facebook Comments Box
error: Content is protected !!