പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് ഒരാഴ്ച പോലും കഴിഞ്ഞില്ല; യുപിയിലെ എക്‌സ്പ്രസ് വേ തകര്‍ന്നു

ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയാകുന്നതിന് മുന്‍പ് എക്‌സ്പ്രസ് വേയിലെ ടാര്‍ ഒലിച്ചുപോയി. വിവിധ ഭാഗങ്ങളില്‍ ടാര്‍ ഒലിച്ചുപോയി കുഴികള്‍ രൂപപ്പെട്ടതോടെ, അപകടവും സംഭവിച്ചു. കഴിഞ്ഞ രാത്രിയില്‍ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവുമാണ് അപകടത്തില്‍പ്പെട്ടത്.

ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങളാണ് കനത്തമഴയില്‍ തകര്‍ന്നത്.ജൂലൈ 16നാണ് ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പോലും ആകുന്നതിന് മുന്‍പാണ് കനത്തമഴയില്‍ റോഡില്‍ ടാര്‍ ഒലിച്ചുപോയത്. റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെയാണ് പ്രദേശത്ത് കനത്തമഴ പെയ്തത്.

ചിരിയ, അജിത്ത്മല്‍ എന്നിവിടങ്ങളിലാണ് പ്രധാനമായി കുഴികള്‍ രൂപം കൊണ്ടത്. റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 8000 കോടി രൂപയുടേതാണ് ബുന്ദല്‍ഖണ്ഡ് പദ്ധതി.ബുന്ദേല്‍ഖണ്ഡിനെ ആഗ്ര- ലക്‌നൗ, യമുന എക്‌സ്പ്രസ് വേകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

Facebook Comments Box
error: Content is protected !!