കോട്ടയത്തെ ഭക്ഷ്യവിഷബാധ; ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിലാണ് നടപടി.

ഹോട്ടലിനെതിരെ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് ഹോട്ടലിനെതിരെ നിസാര നടപടികള്‍ മാത്രം സ്വീകരിച്ച് വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി എന്നതാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്കെതിരെയുള്ള ആക്ഷേപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

രശ്മി രാജ് മരിച്ചത് ആന്തരികാവയവങ്ങളിലുണ്ടായ അണുബാധമൂലമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ കടുത്ത അണുബാധയുണ്ടായി. അതേസമയം, ഏതുതരത്തിലുള്ള അണുബാധയെന്ന് കണ്ടെത്താന്‍ രാസപരിശോധനാ ഫലം ലഭിക്കണം. ഭക്ഷ്യവിഷബാധമൂലമാണോ മരണം എന്ന് രാസപരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ.

കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് (മലബാര്‍ കുഴിമന്തി) ഹോട്ടലില്‍നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു രോഗബാധ.ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു മരണം.

Facebook Comments Box
error: Content is protected !!