ഗവ‍ര്‍ണ‍ര്‍ സര്‍ക്കാര്‍ പോര് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ല; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് സ്പീക്കര്‍ എ.എൻ.ഷംസീര്‍

ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സ്പീക്കർ പറഞ്ഞു. അതിനിടെ ഗവർണർക്ക് എതിരെ ആഞ്ഞടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാ‍‍ര്‍ത്താ സമ്മേളനം. ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളി .കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു.ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു.

ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി.ജനാധിപത്യത്തിന്‍റെ അന്തസത്തയെ നിരാകരിക്കുന്നു.സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവിയെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു. ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല.സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവർണറുടെ നടപടി. ഗവർണർ സംഘപരിവാറിൻ്റെ ചട്ടുകമാകുന്നു.സർവകലാശാലകൾക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു.

പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം.യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോ? KTU വിധിയില്‍.പുനപ്പരിശോധന ഹർജിക്ക് ഇനിയും അവസരമുണ്ട്.സർവകലാശാല ഭരണം അസ്ഥിരപ്പെടുത്താൻ ഗവര്‍ണര്‍ നോക്കുന്നു. ഗവർണറുടെ ഇടപെടൽ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേവലം സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വി സി മാരെ കേൾക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ ഒരു കേസില്‍ വന്നിരിക്കുന്ന വിധി എല്ലാ വിസി മാർക്കും ബാധകമാക്കാൻ കഴിയില്ല, ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല.യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചു വിടാൻ വ്യവസ്ഥയില്ല.വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല.

ഗവര്‍ണറുടെ മറ്റു നിലപാടുകളും പിണറായി വിമര്‍ശിച്ചു. ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചയക്കുന്ന ഗവര്‍ണറുടെ നടപടി പ്രതിഷേധാർഹമാണ്. ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടുന്നില്ല.പരസ്യമായി പ്രതിഷേധം അറിയിക്കുന്നു 11 ഓർഡിനൻസുകൾ ലാപ്സായി.ബില്ലുകൾ ഒപ്പിടാതെ ഇരിക്കുന്നത്, സഭയോടുള്ള അവഹേളനം.ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ വിവേചനാധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

9 സര്‍വ്വകലാശാലകളിലെ വിസിമാരോട് ഇന്ന് 11.30നകം രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി.കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്.

Facebook Comments Box
error: Content is protected !!