സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. അതേസമയം പത്തനംതിട്ടയിലെ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് വേഗത്തിൽ ഉയരുകയാണ്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.

റാന്നി, കേഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലെ റോഡുകളിലേയും വീടുകളിലേയും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും വലിയ വെള്ളക്കെട്ട് തുടരുകയാണ്. തിരുവല്ല താലൂക്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ആലപ്പുഴ ജില്ലയിലെ തലവടി അടക്കമുള്ള അപ്പർ കുട്ടനാടൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. അമ്പലപ്പുഴ തിരുവല്ല റോഡിൽ പലയിടങ്ങളിലായ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

കിഴക്കൻ വെള്ളം വന്നതോടെ കുട്ടനാട്ടിലും വെള്ളം കൂടുകയാണ്. തോട്ടപ്പള്ളിയിലെ ഷട്ടറുകൾ തുറന്നതോടെ വെള്ളം വേഗത്തിൽ കടലിലേക്ക് വലിയുന്നുണ്ട്. ഡാമുകളുടെ ജില്ലയായ ഇടുക്കിയിൽ അഞ്ച് അണക്കെട്ടുകളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ആണ് റെഡ് അലേർട്ട് നിലനിൽക്കുന്നത്.

ഇടുക്കി ഡാമിൽ രാത്രിയോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ ഇന്ന് തുറന്നു. ഇടുക്കിയിലെ ഡാമുകളിൽ പലതും തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാർ തീരത്ത് ജാഗ്രത തുടരുന്നുണ്ട്. നിലവിൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ പറയുന്നത്.

Facebook Comments Box
error: Content is protected !!