പെട്രോൾ വിറ്റ വകയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നഷ്ടം കോടികൾ

രാജ്യത്തെ എണ്ണ കമ്പനികളിലെ പൊതു മേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വീണ്ടും നഷ്ടത്തിൽ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സാമ്പത്തിക പാദത്തിൽ 272.35 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും പാചകവാതകവും വിറ്റവകയിലാണ് നഷ്ടം നേരിട്ടത് എന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞവർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 6360.05 കോടി രൂപ ലാഭം നേടിയ സ്ഥാപനമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇത് തുടർച്ചയായ രണ്ടാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനി നഷ്ടം നേരിടുന്നത്.

കഴിഞ്ഞ സാമ്പത്തിക പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടക്കം പൊതുമേഖല എണ്ണ കമ്പനികളെല്ലാം നഷ്ടം നേരിട്ടിരുന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നത് തടയാൻ കേന്ദ്രസർക്കാരിന്റെ താല്പര്യമനുസരിച്ച് എണ്ണ കമ്പനികൾ ഒന്നും അന്താരാഷ്ട്ര വില നിലവാരത്തിൽ ഉണ്ടായ ക്രൂഡോയിൽ വിലയിലെ മാറ്റത്തിന് അനുസരിച്ച് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചിരുന്നില്ല. ഇതാണ് നഷ്ടം നേരിടാൻ കാരണമെന്നാണ് വിലയിരുത്തൽ.

Facebook Comments Box
error: Content is protected !!