കാർത്തിയുടെ ഫാൻസിനെ കള്ളക്കേസിൽ കുടുക്കി മർദിച്ചു; പൊലീസുകാർക്ക് ആറ് ലക്ഷം രൂപ പിഴ

തമിഴ് നടൻ കാർത്തിയുടെ ഫാൻസ് ക്ലബ്ബ് അം​ഗങ്ങളെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച പൊലീസുകാർക്ക് പിഴ ശിക്ഷ. മനുഷ്യാവകാശ കമ്മീഷനാണ് ആറ് ലക്ഷം രൂപ പിഴയിട്ടത്. കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിനെ തുടർന്നാണ് കാർത്തി ഫാൻസ് ക്ലബ്ബിൻ്റെ പ്രസിഡൻ്റായ വെങ്കിടേഷും ക്ലബ്ബിലെ മറ്റ് അംഗങ്ങളും ആക്രമണത്തിന് ഇരയായത്. ആറ് വർഷം മുൻപു നടന്ന സംഭവത്തിലാണ് വിധി.

തൂത്തുക്കുടി ബസ് സ്റ്റാൻ്റിന് സമീപം സിനിമാ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു വെങ്കിടേഷും ക്ലബ്ബിലെ മറ്റ് അംഗങ്ങളും. കാർത്തിയുടെ ‘തോഴാ’ എന്ന ചിത്രത്തിൻ്റെ പ്രചാരണാർത്ഥം പോസ്റ്റർ ഒട്ടിക്കുകയായിരുന്നു ക്ലബ് അംഗങ്ങൾ. പോസ്റ്റർ ഒട്ടിക്കുന്നത് തടഞ്ഞ പൊലീസുകാർ വെങ്കിടേഷിനോട് കൈക്കൂലി ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ വെങ്കിടേഷിൻ്റെ സഹോദരന്മാരായ വെങ്കടക്കൊടി, ശ്രീനിവാസ് എന്നിവരെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. പിന്നീട് ഇവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു.

പൊലീസുകാരുടെ പ്രവർത്തി മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് വെങ്കടേഷ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി ശരിവച്ച കമ്മീഷൻ ഇരകൾക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് നിർദേശിച്ചു. തൂത്തുക്കുടി സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സുരേഷ് കുമാർ, എസ് ഐ രവികുമാർ, കോൺസ്റ്റബിൾ തിരവിയരത്തിരാജ് എന്നിവരിൽ നിന്നാണ് ഈ തുക ഈടാക്കുക. വെങ്കടക്കൊടിക്ക് അഞ്ചു ലക്ഷം രൂപയും രണ്ട് സഹോദരന്മാർക്ക് അൻപതിനായിരം രൂപ വീതവും നൽകാനാണ് കമ്മീഷൻ നിർദേശിച്ചിട്ടുള്ളത്.

Facebook Comments Box
error: Content is protected !!