ബോളിവുഡിലെ സംവിധായകനിൽ നിന്ന് ഗർഭിണിയായി, ഗർഭഛിദ്രം നടത്തി; വെളിപ്പെടുത്തലുമായി നടി മന്ദന കരീമി

ബോളിവുഡിലെ പ്രശസ്ത സംവിധായകനിൽ നിന്നും ​ഗർഭിണിയായ ശേഷം നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന് നടി മന്ദന കരീമി. കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിലാണ് ഗർഭിണിയാകാന്‍ ഒരുങ്ങിയതെന്നും അവസാനം സംവിധായകൻ ചതിക്കുകയുമായിരുന്നുവെന്ന് നടി പറയുന്നു.

‘ആദ്യ പങ്കാളിയായ ​ഗൗരവ് ​ഗുപ്തയുമായി വേർപിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകർന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു ആ സംവിധായകൻ.

പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നൽകാമെന്നും ഞങ്ങളിരുവരും ചേർന്ന് പദ്ധതിയിട്ടതാണ്. എന്നാൽ ​ഗർഭിണിയായപ്പോൾ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.’–മന്ദന വെളിപ്പെടുത്തി.

മന്ദനയുടെ തുറന്നുപറച്ചിൽ അടങ്ങുന്ന പ്രമോ വിഡിയോ പരിപാടിയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വളരെ വികാരാധീനയായാണ് മന്ദന ഇക്കാര്യം തുറന്നുപറയുന്നത്. ഇറാനിയൻ മോഡലായ നടി ‘റോയ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ബിഗ്ബോസ് ഒൻപതാം സീസണിൽ സെക്കൻഡ് റണ്ണർഅപ്പ് ആയിരുന്നു.

Facebook Comments Box
error: Content is protected !!