ചൈനയില്‍ അജ്ഞാത രോഗം പടരുന്നു; ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങള്‍

ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നതില്‍ ആശങ്ക. ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. രോഗത്തെ ഗൗരവത്തോടെ കാണുന്ന ലോകാരോഗ്യ സംഘടന വിവരങ്ങള്‍ തേടി.
വടക്കന്‍ ചൈനയിലാണ് രോഗം ആദ്യം കണ്ടത്. കുട്ടികളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം പടരുന്ന മേഖലയില്‍ ന്യൂമോണിയ ലക്ഷണങ്ങളുമായാണ് രോഗികൾ ആശുപത്രിയില്‍ എത്തുന്നത്.

ആശുപത്രിയില്‍ ഇത്തരം രോഗലക്ഷണങ്ങളോടെ എത്തുന്ന രോഗികളുടെ എണ്ണം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗത്തിന് കാരണമാകുന്ന രോഗാണു ഏതാണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി ചൈനീസ് അധികൃതരെ ഉദ്ധരിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. ന്യൂമോണിയയ്ക്ക് പുറമേ പനി, ചുമ, ശ്വാസമെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.

ചില രോഗികള്‍ക്ക് ആശുപത്രിവാസം വേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡിന് ശേഷമാണ് ചൈനയില്‍ അജ്ഞാത രോഗം പടരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷമാണ് രോഗം പടരുന്നത് എന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. പനി, കോവിഡ് അടക്കം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന രോഗാണുക്കള്‍ തന്നെയാണ് അജ്ഞാത രോഗം പടരുന്നതിനും കാരണമാകുന്നതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

Facebook Comments Box
error: Content is protected !!