സമാന്തര പരിപാടികള്‍ പാടില്ല; തരൂരിനെ വരുതിയിലാക്കാന്‍ കെപിസിസി അച്ചടക്ക സമിതി

പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കെപിസിസി അച്ചടക്ക സമിതി. നേതാക്കള്‍ പരിപാടികള്‍ ഡിസിസികളെ മുന്‍കൂട്ടി അറിയിക്കണം. പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദേശിച്ചു. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അച്ചടക്ക സമിതി നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

ഏതു പരിപാടിക്കുമുള്ള ക്ഷണം പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സ്വീകരിക്കാം. അതില്‍ പങ്കെടുക്കുകയും ചെയ്യാം. എന്നാല്‍, പരിപാടി നടക്കുന്ന ജില്ലയിലെ ഡിസിസി അറിയണം. പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിര്‍ന്ന നേതാക്കളടക്കം ഇതു പാലിക്കാറുണ്ടെന്നും അച്ചടക്ക സമിതി ചൂണ്ടിക്കാട്ടുന്നു.

തരൂര്‍ നടത്തിയത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്ന അഭിപ്രായം അച്ചടക്കസമിതിക്കില്ല. എന്നാല്‍, ബന്ധപ്പെട്ട പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവര്‍ത്തനമെന്നും വിഭാഗീയ പ്രവര്‍ത്തനമെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളില്‍വരെ സൃഷ്ടിച്ചതായും സമിതി വിലയിരുത്തി.

പര്യടനത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ കെപിസിസി അച്ചടക്ക സമിതിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേര്‍ന്നത്. തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനം വിളിച്ചെങ്കിലും കൂടുതല്‍ മാധ്യമവ്യാഖ്യാനങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.

Facebook Comments Box
error: Content is protected !!