വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

സംസ്ഥാനത്ത് വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നേക്കും. ഇടുക്കിയിലെ പട്ടയപ്രശ്നങ്ങളും ഇന്ന് സഭയിൽ ഉന്നയിക്കപ്പെടും. സംസ്ഥാനത്ത് അടുത്തിടെയായി എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചു വരികയാണ്.

എന്നാൽ ഇതിനെ പ്രതിരോധിക്കാനുള്ള സർക്കാർ സംവിധാനം പാളി എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്കൂളുകളിലും കോളജുകളിലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. കുട്ടികളെ പോലും ക്യാരിയർമാരായി ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഇത് പ്രതിരോധിക്കാൻ സർക്കാർ കർശനമായി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇന്ന് സഭയിൽ വിഷയം കൊണ്ടുവന്ന് സർക്കാരിനെ സമ്മർദപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇതിനുപുറമേ കൃഷി, ഉന്നത വിദ്യാഭ്യാസം, തുറമുഖം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യോത്തര വേളയിൽ ഉണ്ടാകും. പട്ടയഭൂമിയിലെ വീട് ഒഴികെയുള്ള കെട്ടിട നിർമാണങ്ങളിലെ പ്രശ്നങ്ങൾ ശ്രദ്ധ ക്ഷണിക്കലായും ഇന്ന് സഭയിലെത്തും. അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച നിയമസഭാ സമിതിയുടെ ഏഴാമത് റിപ്പോർട്ടും സഭ ഇന്ന് പരിഗണിക്കുന്നുണ്ട്.

Facebook Comments Box
error: Content is protected !!