ഖാര്‍ഗേക്കായി പ്രചാരണത്തിനിറങ്ങും; പിന്തുണക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി ചെന്നിത്തല

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലിഗാ‍ജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം പ്രചാരണം നടത്തും. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തും.

നിലവിൽ ചെന്നിത്തല കോൺഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാകില്ല. നേരത്തെ ചെന്നിത്തലക്ക് പിന്നാലെ കെ സുധാകരൻ, വി.ഡി സതീശൻ തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഖാർഗെ ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുതിർന്നവരുടെ പക്ഷം പിടിക്കലിൽ ശശി തരൂർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലിഗാര്‍ജുന ഗാര്‍ഗേക്ക് തന്നെയാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നുമാണ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. ഞങ്ങളാരും തരൂരിനെ എതിര്‍ത്തിട്ടില്ല. അദ്ദേഹം മൂന്ന് തവണ പാർലമെന്റേറിയനായിരുന്നു. കേന്ദ്രമന്ത്രിയുമാക്കി. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ കൂടി പിന്തുണയോടെയാണ് അതെല്ലാമുണ്ടായത്.

പക്ഷേ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഒരാൾക്ക് പാര്‍ട്ടി രംഗത്ത് പ്രവ‍ര്‍ത്തിച്ച മുൻകാല പരിചയം വേണം. അത് കൊണ്ടാണ് പാര്‍ട്ടിയിൽ പ്രവര്‍ത്തന പരിചയമുള്ള ഖാര്‍ഗെയെ പിന്തുണക്കുന്നത്. മഹാഭൂരിപക്ഷം ഡെലിഗേറ്റുകളും ഖാര്‍ഗെയെ പിന്തുണക്കുമെന്നാണ് താൻ കരുതുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.

കേരളത്തിൽ നിന്നുള്ള നേതാക്കളാണ് തന്നെ എതിര്‍ക്കുന്നതെന്ന തരൂരിന്റെ വാക്കുകളോടും ചെന്നിത്തല പ്രതികരിച്ചു. ഇത് ദേശീയ കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മത്സരമാണെന്നും അതിനെ കേരളത്തിൽ നിന്നുള്ള പിന്തുണയില്ലെന്ന രീതിയിൽ വിലയിരുത്തരുതെന്നും ചെന്നിത്തല പറ‌‍ഞ്ഞു. യുവനേതാക്കൾ ശശി തരൂരിനെ പിന്തുണക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box
error: Content is protected !!