ഗൂഗിൾ പേ, ഫോൺപേ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള ചർച്ചയിൽ ആർബിഐ

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഓഹരി ഉടമകളിൽ നിന്ന് ഫീഡ്‌ബാക്ക് തേടി.

പേയ്‌മെന്റ് സംവിധാനങ്ങളിലെ ചാർജുകളെക്കുറിച്ചുള്ള നയങ്ങൾ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സേവനം), എൻഇഎഫ്‌ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ) പോലുള്ള വിവിധ പേയ്‌മെന്റ് സേവനങ്ങൾക്ക് ചാർജുകൾ ഈടാക്കാൻ ഉള്ള നിയമങ്ങൾ ശക്തമാക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്.

ആർട്ടിജിഎസ് (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ്), ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള പേയ്‌മെന്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചാർജുകളിൽ വ്യക്തത വരുത്താനും ആലോചനയുണ്ട്. ഇതെല്ലം ഉൾപ്പെടുത്തിയുള്ള ഡിസ്കഷൻ പേപ്പർ ആർബിഐ പുറത്തിറക്കിയിട്ടുണ്ട്.

ചർച്ചാ പേപ്പറിൽ ഉന്നയിക്കുന്ന ചോദ്യങ്ങളെക്കുറിച്ചോ മറ്റേതെങ്കിലും നിർദ്ദേശത്തെക്കുറിച്ചോ ഇമെയിൽ വഴി 2022 ഒക്ടോബർ 3-നോ അതിനുമുമ്പോ ഫീഡ്‌ബാക്ക് നൽകാം. രാജ്യത്ത് നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. ഇതിൽ മാറ്റം വരുത്താനാണ് ആർബിഐ ഒരുങ്ങുന്നത്. തുകയെ അടിസ്ഥാനമാക്കി പല തട്ടിലുള്ള ചാർജുകൾ ഈടാക്കാനാണ് സാധ്യത. ഡിസ്കഷൻ പേപ്പറിൽ ഈ കാര്യങ്ങൾ ആർബിഐ ചൂണ്ടികാണിക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വീകാര്യമായ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് യുപിഐ, പ്രതിമാസം 10 ട്രില്യൺ രൂപയാണ് യുപിഐ വഴി കൈമാറുന്നത്. 6 ബില്യണിലധികം ഇടപാടുകൾ ഒരു മാസത്തിൽ നടക്കുന്നുണ്ട്. ഫണ്ട് ട്രാൻസ്ഫർ സംവിധാനമെന്ന നിലയിൽ യുപിഐ ഐഎംപിഎസ് പോലെയാണ്. അതിനാൽ, യുപിഐയിലെ നിരക്കുകൾ ഫണ്ട് ട്രാൻസ്ഫർ ഇടപാട് നിരക്കുകൾക്ക് സമാനമായിരിക്കണമെന്ന് ആർബിഐ ചർച്ചാ പേപ്പറിൽ പറഞ്ഞു

Facebook Comments Box
error: Content is protected !!