നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ ‘ആര്‍ആര്‍ആര്‍’

രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍ വമ്പന്‍ വിജയമായിരുന്നു. 1000 കോടിയില്‍ അധികം കളക്ഷന്‍ നേടിയ ചിത്രം നിരവധി പുത്തന്‍ റെക്കോര്‍ഡുകളും തീര്‍ത്തിരുന്നു. ഒടിടിയിലും ജൈത്യയാത്ര തുടരുകയാണ് ആര്‍ആര്‍ആര്‍. നെറ്റ്ഫ്‌ളിക്‌സിന്റെ ആഗോള തലത്തിലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമയായി മാറിയിരിക്കുകയാണ് രാജമൗലി ചിത്രം ഇപ്പോള്‍.

നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് വിവരം പുറത്തുവിട്ടത്. തെലുങ്കു സിനിമയായ ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് മേയ് 20നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. തിയറ്ററില്‍ റിലീസ് ചെയ്ത് രണ്ടു മാസത്തിനു ശേഷമായിരുന്നു ഒടിടിയിലേക്കുള്ള വരവ്. മൂന്നു മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള ചിത്രം 4.5 കോടിയില്‍ അധികം മണിക്കൂറാണ് ലോകവ്യാപകമായി കണ്ടത്.

റാം ചരണും എന്‍ടിആറും പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ പാന്‍ ഇന്ത്യന്‍ സിനിമയായാണ് പുറത്തുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളായിരുന്ന അല്ലൂരി സിതാറാം രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് പറഞ്ഞത്. 2022 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കളക്ഷന്‍ ചിത്രങ്ങളിലൊന്നാണ് ആര്‍ആര്‍ആര്‍. 1200 കോടിയില്‍ അധികമാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷന്‍. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Facebook Comments Box
error: Content is protected !!