കരിയറിലെ ആദ്യ പൊലീസ് വേഷവുമായി സിദ്ധാര്‍ഥ് ഭരതന്‍

നടന്‍ എന്ന നിലയിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നീട് സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സിദ്ധാര്‍ഥ് ഭരതന്‍. രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്നത്. റോഷന്‍ മാത്യു നായകനാവുന്ന ചതുരവും സൌബിന്‍ ഷാഹിര്‍ നായകനാവുന്ന ജിന്ന് എന്നിവയാണ് അവ. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ഥ് ക്യാമറയ്ക്ക് മുന്നിലേക്കും എത്തുന്ന ഒരു ചിത്രം വരികയാണ്.

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന വേല എന്ന ചിത്രമാണ് അത്. ഷെയ്ന്‍ നിഗവും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു എസ് ഐ കഥാപാത്രമാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ പൊലീസ് കഥാപാത്രവുമാണ് ഇത്.

എസ് ഐ അശോക് കുമാര്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഈ കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഷെയിൻ നിഗം, സണ്ണി വെയ്ൻ, അതിഥി ബാലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സിൻസിൽ സെല്ലുലോയ്‍ഡിന്‍റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. എം സജാസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.

Facebook Comments Box
error: Content is protected !!