‘പത്ത് ദിവസം മുന്‍പ് ചെന്നൈയില്‍ എത്തിയപ്പോള്‍ കാണാന്‍ ശ്രമിച്ചിരുന്നു’; ലൈവില്‍ വേദന പങ്കുവച്ച് സുരേഷ് ഗോപി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തിയാണ് താരം വേദന പങ്കുവച്ചത്. പുതിയ ചിത്രം മേ ഹൂം മൂസയുടെ പ്രമോഷന്റെ ഭാഗമായാണ് താരം ലൈവില്‍ എത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കോടിയേരിയുടെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ സുരേഷ് ഗോപി ലൈവില്‍ എത്തി ആദരാജ്ഞലി അര്‍പ്പിക്കുകയായിരുന്നു.

കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ വളരെ വിപ്ലവാത്മകമായ മാറ്റകൊണ്ടുവന്ന ആഭ്യന്തരമന്ത്രിയാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. പത്ത് ദിവസം മുന്‍പ് ചെന്നൈയില്‍ എത്തിയപ്പോള്‍ കാണാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ സാധിച്ചില്ലെന്നും താരം പറഞ്ഞു. അതും വേദനയായി മനസിലുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍

പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ വളരെ വിപ്ലവാത്മകമായ മാറ്റകൊണ്ടുവന്ന ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. എന്ന നിലയിലും നിരവധി തവണ എംഎല്‍എ ആയി നിയമസഭയില്‍ എത്തിയ ജനപ്രതിനിധി എന്ന നിലയിലും ആ പാര്‍ട്ടിക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്ത നേതാവ് എന്നീ നിലകളില്ലെല്ലാം അദ്ദേഹത്തിന്റെ വേര്‍പാട് വലിയ ദുഃഖമാണ്. മനുഷ്യന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി തീര്‍ത്തും വ്യക്തിപരമായ ബന്ധത്തില്‍ നിന്ന് മനസിലാക്കിയിട്ടുള്ളത് സരസനായ സൗമ്യനായ വ്യക്തിയാണ്. ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയിലാണ് കണക്കാക്കുന്നത്. എന്റെ സുഹൃത്തുക്കള്‍കൂടിയായ അദ്ദേഹത്തിന്റെ മക്കള്‍ സഹദര്‍മണി എന്നിവരുടെ വേദനയില്‍ പങ്കുചേരുന്നു. രാഷ്ട്രീയം മറന്ന് അദ്ദേഹത്തെ അംഗീകരിക്കുന്ന മലയാളികളുടെ വേദനയിലും പങ്കുചേരുന്നു.

പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ ചെന്നപ്പോഴും അദ്ദേഹത്തെ ആശുപത്രിയില്‍ കാണാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ബിനോയ് തന്നെ പറഞ്ഞു അതിന് ഡോക്ടേഴ്‌സ് അനുവദിക്കുന്നില്ലെന്ന്. എന്തെങ്കിലും ഇന്‍ഫക്ഷന്‍ ആയാല്‍ ദുരന്തത്തിന് അതുകാരണമാകുമെന്ന്. അദ്ദേഹത്തെ കാണണം എന്ന ആഗ്രഹം നടന്നില്ല. അത് ഇപ്പോള്‍ വേദനയായിട്ട് നില്‍ക്കുകയാണ്. ആഘോഷത്തിലൊന്നും പങ്കുകൊള്ളാനുള്ള മാനസികാവസ്ഥയില്‍ അല്ല.

Facebook Comments Box
error: Content is protected !!