അധ്യക്ഷനാകാന്‍ മികച്ചത് ഖാര്‍ഗേ; തരൂരിന് സാധാരണക്കാരുമായി ബന്ധമില്ലെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്ലികാർജുൻ ഖാർ​ഗെയെ പിന്തുണച്ച് കെ മുരളീധരന്‍ എം പി. ശശി തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല. തന്നേപ്പോലുള്ളവരുടെ വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് ആണെന്നും മുരളീധരന്‍ പറഞ്ഞു.

എലൈറ്റ് ക്ലാസിനൊപ്പമാണ് ബിജെപി. അതിനെ നേരിടാന്‍ ബഹുജനമുന്നേറ്റമാണ് വേണ്ടത്. അതിന് സാധാരണ ജനങ്ങളുടെ മനസ്സ് അറിയുന്ന ഒരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ് തന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നത്.

അത് താഴേത്തട്ടുമുതല്‍ സ്വന്തം അധ്വാനം കൊണ്ട് ഉയര്‍ന്നുവന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മികച്ചതെന്നാണ് തന്റെ അഭിപ്രായം. എന്നിവെച്ച് തങ്ങളാരും ശശി തരൂരിന് എതിരല്ല. തങ്ങളെല്ലാം ഒരുമിച്ച് ബിജെപിക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും പോരാടുന്നവരാണ്.

ലോക്‌സഭയില്‍ തരൂര്‍ തന്റെ അടുത്ത സീറ്റിലാണ് ഇരിക്കുന്നത്. വളരെ നല്ല ബന്ധമാണ് തരൂരുമായിട്ടുള്ളത്. പക്ഷെ തരൂരിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധം അല്‍പ്പം കുറവാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

വലിയ നേതാക്കളുടെ പിന്തുണയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കുക ലക്ഷ്യമിട്ടാണ് താന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഇപ്പോള്‍ നയിക്കുന്ന നേതാക്കള്‍ക്ക് പരാതിയൊന്നും ഉണ്ടാകില്ല. കാരണം അവരല്ലേ നയിക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.

അവരുടെ തീരുമാനവും അവരുടെ പ്രവര്‍ത്തന രീതിയും പോലെയാണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ സ്വന്തം അഭിപ്രായം പറഞ്ഞു എന്നുവെച്ച് എല്ലാവര്‍ക്കും അതേ അഭിപ്രായമല്ലല്ലോ ഉണ്ടാകുക. സ്വന്തം അഭിപ്രായം ഉണ്ടാകും. അതല്ലേ ജനാധിപത്യമെന്നും തരൂര്‍ പറഞ്ഞു.

Facebook Comments Box
error: Content is protected !!