ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഇന്ന് നിര്‍ണായകം; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ

സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിർണായക ഘട്ടത്തിലേക്ക്. ഇന്നു രാവിലെ 11.30 ന് അകം സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവര്‍ണറുടെ അന്ത്യാശാസനത്തിന് വിസിമാര്‍ വഴങ്ങുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

അതേസമയം രാജി സമര്‍പ്പിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ എന്തു നടപടി സ്വീകരിക്കും എന്നതും ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്.

യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീയുടെ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചതിന് തൊടുപിന്നാലെയാണ് ഗവര്‍ണര്‍ കടുപ്പിച്ചത്.

അതേസമയം, ഗവര്‍ണറുടെ അന്ത്യാശാസനം പുറത്തു വന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ പത്തരയ്ക്ക് പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസില്‍ വച്ചാകും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച രാത്രി എട്ടരയോടെ ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറായില്ല. തുടര്‍നടപടി സംബന്ധിച്ച് നിയമവിദഗ്ധരുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടരുകയാണ്.

Facebook Comments Box
error: Content is protected !!