ഇനി യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും നടത്താം; രാജ്യത്ത് ആദ്യം

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് ( യുപിഐ) നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡ് റിസര്‍വ് ബാങ്ക് പുറത്തിറക്കി. പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുക. ഇവര്‍ക്ക് യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകള്‍ നിര്‍വഹിക്കാം.

നിലവില്‍ ഡെബിറ്റ് കാര്‍ഡുകളെയും ബാങ്ക് അക്കൗണ്ടുകളെയുമാണ് യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐയുമായി ബന്ധിപ്പിച്ചതോടെ, വായ്പ വളര്‍ച്ച ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ഇത് വഴിതെളിയിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഉപഭോഗം വര്‍ധിക്കുന്നത് വായ്പ വര്‍ധനയ്ക്ക് സഹായകമാകും. ക്യൂആര്‍ കോഡ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ നടക്കുകയെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു.

വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസുമായാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ ബന്ധിപ്പിക്കുക. വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസിനെയാണ് യുപിഐ ഐഡി എന്ന് പറയുന്നത്. ഇത് സുരക്ഷിതമായി പണമിടപാട് നടത്താന്‍ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Facebook Comments Box
error: Content is protected !!