കെജരിവാളിന് തിരിച്ചടി ; ഇടക്കാല ജാമ്യമില്ല ; ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും

ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും. ഉടന്‍ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഇഡിയുടെ അറസ്റ്റിനെയും റിമാന്‍ഡ് നടപടിയെയും ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ ഇഡിക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഏപ്രില്‍ രണ്ടിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

മാര്‍ച്ച് 21നാണ് കെജിരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണ കോടതി മാര്‍ച്ച് 28വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. അറസ്റ്റിനെതിരെയും ആറുദിവസത്തെ റിമാന്‍ഡിനെതിരെയുമാണ് കെജരിവാള്‍ കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ ഇഡി പരാജയപ്പെട്ടുവെന്നും ഉടന്‍ വിട്ടയക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇടക്കാല ഉത്തരവ് തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരു തെളിവുമില്ലാതെയാണ് അറസ്റ്റ് നടപടിയെന്നും ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന നടപടിയാണിതെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കെജരിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വാദിച്ചു.

Facebook Comments Box
error: Content is protected !!