‘ക്ഷുദ്രശക്തികള്‍ക്ക് എതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാകില്ല’; പിന്തുണയുമായി കെ സുധാകരന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണറെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പദവിയുടെ അന്തസ്സ് ഉയര്‍ത്തിപിടിക്കുന്ന നടപടിയാണ് ഗവര്‍ണറുടേത്. കേരളീയ സമൂഹത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ആറു വര്‍ഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണം. സിപിഎം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങള്‍ക്കെല്ലാം വിസിമാരുടെ പിന്തുണയും ഉണ്ടായിരുന്നു. സിപിഎം നടത്തുന്ന വഴിവിട്ട നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന വിസിമാരെ എല്ലാ ഭരണസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പുനര്‍നിയമനം വരെ നല്‍കിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അധികാരത്തിന്റെ തണലില്‍ സിപിഎം നടത്തിയ ബന്ധുനിയമനങ്ങള്‍ അസാധുവാകാതിരിക്കാനാണ് ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍ക്കാരിന്റെ ബില്ല്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം ഇനിയും വര്‍ധിപ്പിച്ച് ഭരണവും നിയമനങ്ങളും കൈപിടിയിലൊതുക്കാനുള്ള വളഞ്ഞ വഴിയാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വൈസ് ചാന്‍സലറെ ഇറക്കി ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നിഴല്‍ യുദ്ധം നടത്തുകയാണ്.

Facebook Comments Box
error: Content is protected !!