ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഹി രാജിവച്ചു

ഇറ്റലിയില്‍ പ്രധാനമന്ത്രി മരിയോ ദ്രാഹി രാജിവച്ചു. അവിശ്വാസ പ്രമേയത്തില്‍ ഭൂരിപക്ഷം തെളിയിക്കാതെ വന്നതിനെ തുടര്‍ന്നാണ് രാജി. ഇതോടെ, ഇറ്റലിയില്‍ പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചതായി പ്രസിഡന്റ് ഓഫീസ് വ്യാഴാഴ്ച അറിയിച്ചു.

ബുധനാഴ്ചയാണ് സെനറ്റില്‍ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ സഖ്യകക്ഷികള്‍ ദ്രാഹിക്ക് വോട്ട് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ താഴെവീണു.

സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ഇടത് സംഘടന ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് ഇനി സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് പ്രഖ്യാപിച്ചു. ലെഗ പാര്‍ട്ടിയും ഫോര്‍സ പാര്‍ട്ടിയും സഖ്യത്തിനില്ലെന്ന നിലപാട് സ്വീകരിച്ചു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ ഇറ്റലിയില്‍ പൊതു തെരഞ്ഞെടുപ്പു നടക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പണപ്പെരുപ്പവും ഇന്ധനവില വര്‍ധനവും അടക്കമുള്ള വിഷയങ്ങളില്‍ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരവെയാണ് പ്രധാനമന്ത്രി രാജിവച്ചിരിക്കുന്നത്.മുന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായ ദ്രാഹി, 2021ലാണ് ഇറ്റലിയുടെ പ്രധാനമന്ത്രിയായത്.

Facebook Comments Box
error: Content is protected !!