ജാപ്പനീസ് കണ്ണട ബ്രാൻഡിന്റെ ഓഹരികൾ സ്വന്തമാക്കി ലെൻസ്‌കാർട്ട്

ജാപ്പനീസ് കണ്ണട ബ്രാൻഡായ ഓൺഡേയ്‌സിന്റെ ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങി ലെൻസ്‌കാർട്ട്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇന്ത്യയിലെ കണ്ണട വില്പനക്കാരായ ലെൻസ്കാർട്ട്, ജാപ്പനീസ് കണ്ണട ബ്രാൻഡായ ഓൺഡേയ്‌സിലെ ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കണ്ണട വില്പനക്കാരായി മാറും എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. ഈ ഏറ്റെടുക്കലിലൂടെ, സിംഗപ്പൂർ, തായ്‌ലൻഡ്, തായ്‌വാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ എന്നിവയുൾപ്പെടെ 13 വിപണികളിലേക്ക് ലെൻസ്‌കാർട്ട് വ്യാപാരം വർധിപ്പിക്കും.

ഏകദേശം 400 മില്യൺ ഡോളറിന്റെ ഇടപാടാണ് നടക്കുക. ജപ്പാനീസ് ശൃംഖലയുടെ സഹസ്ഥാപകരായ ഷുജി തനാകയുടെയും ടേക്ക് ഉമിയാമയുടെയും ഓഹരി ഉടമകളായി തുടരുകയും ഓൺഡേയ്‌സ് ഇൻകോർപ്പറേറ്റിന്റെ മാനേജ്‌മെന്റ് ടീമിനെ നയിക്കുകയും ചെയ്യും. ഓൺഡേയ്‌സ് ഇൻകോർപ്പറേറ്റ് ഒരു പ്രത്യേക ബ്രാൻഡായി പ്രവർത്തിക്കുന്നത് തുടരും. ഓൺഡേയ്‌സിൽ ലെൻസ്‌കാർട്ടിന് ഭൂരിഭാഗം ഓഹരികളും ഉണ്ടായിരിക്കും, എന്നാൽ ഒരു ലയനമായാണ് കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ലെൻസ്‌കാർട്ടിന്റെ എഞ്ചിനീയറിംഗ് ടീമിൽ 300 പേരുണ്ട്, 2023 സാമ്പത്തിക വർഷത്തിൽ ഇത് 500 ആക്കി ഉഉയർത്തുമെന്ന് കമ്പനി അറിയിച്ചു.

ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺഡേയ്‌സ് 1989-ലാണ് സ്ഥാപിതമായത്. 2013-ൽ ഓൺഡേയ്‌സ് അതിന്റെ ആദ്യത്തെ വിദേശ സ്റ്റോറുകൾ തുറന്നു. നിലവിൽ ജപ്പാന് പുറമെ പന്ത്രണ്ടിലേറെ രാജ്യങ്ങളിലായി 460 സ്റ്റോറുകൾ ഓൺഡേയ്‌സിനുണ്ട്. ലോകമെമ്പാടുമുള്ള ഏകദേശം 4.5 ബില്യൺ ആളുകൾക്ക് കാഴ്ചയിൽ പ്രശ്നങ്ങളും കണ്ണട ധരിക്കേണ്ട ആവശ്യവും ഉണ്ട്. പക്ഷേ അവരിൽ പകുതി പേർ മാത്രമേ അത് ധരിക്കുന്നുള്ളൂ. ആവശ്യമായവരിലേക്ക് മികച്ച കാഴ്ചാനുഭവം നൽകുക എന്നത് ലെൻസ്‌കാർട്ട് ലക്ഷ്യമിടുന്നതായി ലെൻസ്കാർട്ടിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പേയുഷ് ബൻസാൽ പറഞ്ഞു. രണ്ട് കമ്പനികളും ചേർന്ന് 650 മില്യൺ ഡോളറിന്റെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook Comments Box
error: Content is protected !!