ഇന്‍ഡോ- പസഫിക് മേഖലയില്‍ ആധിപത്യം ലക്ഷ്യമിട്ട് ചൈന; മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ പുറത്തിറക്കി

ചൈന മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ നീറ്റിലിറക്കി. മുഴുവനായി തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക സാങ്കേതികവിദ്യയോട് കൂടിയ വിമാന വാഹിനി കപ്പലാണ് ചൈന പുറത്തിറക്കിയത്. ഇന്‍ഡോ- പസഫിക് മേഖലയില്‍ നാവികസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന വാഹിനി കപ്പല്‍ ചൈന അവതരിപ്പിച്ചത്.

ഫ്യൂജിയാന്‍ എന്നാണ് പുതിയ വിമാന വാഹിനി കപ്പലിന് നല്‍കിയിരിക്കുന്ന പേര്. ഷാങ്ഹായ് കപ്പല്‍ശാലയിലായിരുന്നു യുദ്ധക്കപ്പല്‍ നീറ്റിലിറക്കുന്ന ചടങ്ങ് നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, രണ്ടു മാസം വൈകിയാണ് വിമാന വാഹിനി കപ്പല്‍ പുറത്തിറക്കിയത്.

80000 ടണ്ണിലേറെയാണ് കപ്പലിന്റെ ഭാരം. യുദ്ധ വിമാനങ്ങള്‍ക്ക് എളുപ്പം പറന്നുയരാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കപ്പലിന്റെ പ്രത്യേകത. ലിയോണിങ് ആണ് ചൈനയുടെ ആദ്യ വിമാന വാഹിനി കപ്പല്‍. 2012ലാണ് സോവിയറ്റ് നിര്‍മ്മിത കപ്പല്‍ ചൈന കമ്മീഷന്‍ ചെയ്തത്.

Facebook Comments Box
error: Content is protected !!