അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‍വാനിൽ; ആയുധ ടാങ്കുകളും കപ്പലുകളുമായി ചൈന

അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‍വാനിലെത്തിയതിന് പിന്നാലെ, നേരിടാൻ ശക്തമായ ഒരുക്കങ്ങളുമായി ചൈന. സൈനിക വാഹനങ്ങളും കപ്പലുകളുമായി പൂർണ സജ്ജരായി നിൽക്കുകയാണ് ചൈന. തായ്‌വാൻ കടലിടുക്കിനോട് ചേർന്നുള്ള ഫുജിയാൻ പ്രവിശ്യയിലാണ് 300ൽ അധികം വരുന്ന ആയുധ ടാങ്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ തടയിടാൻ ചൈന നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അമേരിക്കയ്ക്കെതിരെ ഭീഷണി മുന്നറിയിപ്പും പ്രകോപനപരമായ നീക്കങ്ങളും ചൈന നടത്തിയിരുന്നു. യാത്രക്കിടെ പെലോസിയുടെ വിമാനം അക്രമിക്കാനും ചൈന മടിക്കില്ലെന്നാണ് ചാരഏജൻസികളുടെ മുന്നറിയിപ്പ്.

അമേരിക്കയെ ഭയപ്പെടുത്താനായി ടൈപ്പ് 63 എ ആംഫിബിയസ് എന്ന് പേരുള്ള, കരയിലൂടെയും ജലത്തിലൂടെയും സഞ്ചരിച്ച് ആക്രമിക്കാൻ ഉപയോഗിക്കുന്ന ആയുധ ടാങ്കുകളാണ് തായ്വാൻ തീരത്ത് ചൈന വിന്യസിച്ചിരിക്കുന്നത്. ടൈപ്പ് 63എ എന്ന ഈ ടാങ്ക് 1997ൽ ആണ് ചൈനീസ് സൈന്യത്തിലെത്തുന്നത്. മലയോര, വെള്ളപ്പൊക്ക പ്രദേശങ്ങൾക്കുള്ള ലൈറ്റ് ടാങ്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവിൽ ചൈന ഉൾപ്പടെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ കരയിലും ജലത്തിലും ഉപയോ​ഗിക്കാവുന്ന ടാങ്കുകൾ വികസിപ്പിച്ചിട്ടുള്ളൂ.

വെള്ളത്തിലൂടെയുള്ള ഈ ടാങ്കുകളുടെ സഞ്ചാരം ഒരു പ്രത്യേക ശൈലിയിലാണ്. ടൈപ്പ് 63 എ യുടെ മുൻഗാമിയായ, ടൈപ്പ് 63, യഥാർത്ഥത്തിൽ ഉൾനാടൻ നദികളിലും തടാകങ്ങളിലും നദി മുറിച്ചുകടക്കുന്ന പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തതാണ്. എന്നിരുന്നാലും അതിവേഗ, ദീർഘദൂര സമുദ്ര പ്രവർത്തനങ്ങൾക്ക് ഇത് അനുയോജ്യമല്ല എന്നാണ് റിപ്പോർട്ടുകൾ. പുതിയ ടൈപ്പ് 63എ ടാങ്കുകൾ ഉപയോ​ഗിച്ച് തീരത്ത് നിന്ന് 10 കിലോമീറ്റ‍‍ർ അകലെയുള്ള ഉൾക്കടലിലേക്ക് ആക്രമണം നടത്താനാവും.

മൊത്തത്തിലുള്ള ഭാരം കുറക്കുന്നതിനായി ഈ ലൈറ്റ് ടാങ്കിന് വളരെ നേർത്ത കവചമാണ് കൊടുത്തിട്ടുള്ളത്. ടൈപ്പ് 63 എയിൽ 105 എംഎം റൈഫിൾഡ് ഗൺ ഘടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെള്ളത്തിൽ ടാങ്ക് പൊങ്ങിക്കിടക്കുമ്പോൾ തോക്കിൽ നിന്നും വെടിയുതിർക്കുന്നതിനായി റീകോയിൽ ഫോഴ്‌സ് കുറച്ചാണ് സെറ്റ് ചെയ്തിട്ടുള്ളത്. കമാൻഡർ, ഗണ്ണർ, ലോഡർ, ഡ്രൈവർ എന്നിവരുൾപ്പെടെ നാലംഗ സംഘമായിരിക്കും ഈ ടാങ്കിന്റെ പ്രവർത്തന സമയത് അതിൽ ഉണ്ടായിരിക്കുക.

Facebook Comments Box
error: Content is protected !!